
പാലാ: പാലാ നഗരസഭയിൽ സ്വന്തം ചെയർമാനെ പുറത്താക്കി കേരള കോൺഗ്രസ് (എം). യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കേരള കോൺഗ്രസ് (എം) പ്രതിനിധികളും പിന്തുണച്ചതോടെയാണ് പാലാ നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ പുറത്തായത്. എതിർപക്ഷം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സ്വന്തം പക്ഷത്തെ ചെയർമാനെ പുറത്താക്കുകയെന്ന അപൂർവതക്കാണ് ഇന്ന് പാലാ നഗരസഭ സാക്ഷ്യം വഹിച്ചത്. മുൻധാരണ പ്രകാരം രാജി വയ്ക്കാൻ ഷാജു തയ്യാറാകാതിരുന്നതോടെയാണ് കേരള കോൺഗ്രസ് (എം) പ്രതിനിധികളും സ്വന്തം ചെയർമാനെതിരെ വോട്ട് ചെയ്തത്.
നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തനെതിരെ യുഡിഎഫ് സ്വതന്ത്രനാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. അവിശ്വാസം കൊണ്ടുവന്ന യുഡിഎഫ് ചർച്ചയിൽനിന്നു വിട്ടു നിന്നു. എന്നാൽ ഭരണപക്ഷത്തെ 14 പേർ വോട്ട് ചെയ്തതോടെ പ്രമേയം പാസായി. സിപിഎം പുറത്താക്കിയ കൗൺസിലർ ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം നിൽക്കുന്ന ഷീബ ജിയോ, ഷാജു വി.തുരുത്തൻ എന്നിവർ വോട്ടിങ്ങിന് എത്തിയില്ല. ഷാജു വി.തുരുത്തൻ ആശുപത്രിയിൽ ആയതിനാലാണു എത്താതിരുന്നത്.








